പാരീസ്: ഹിന്ദുസംഘടനാ പ്രവർത്തകരുടെ സന്ദർശനത്തിനിടെ വനിതാ ജീവനക്കാരെ മാറ്റിനിർത്തിയെന്നാരോപിച്ച് പാരീസിലെ പ്രസിദ്ധമായ ഈഫൽ ടവറിലെ ജീവനക്കാർ പണിമുടക്കി. ഇതോടെ ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഈഫൽ ടവർ തിങ്കളാഴ്ച അടച്ചിട്ടു.
ശനിയാഴ്ച ബിഎപിഎസുമായി (ബൊചസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്ത) ബന്ധപ്പെട്ട നൂറോളം പേരടങ്ങിയ സംഘം ഈഫൽ ടവർ സന്ദർശിച്ചതാണ് വിവാദത്തിനു കാരണമായത്. ബിഎപിഎസ് സംഘത്തിന്റെ സന്ദർശനവേളയിൽ സ്ത്രീകൾ കാഴ്ചയിൽപ്പെടരുതെന്ന നിർദേശത്തെത്തുടർന്ന് വനിതാ ജീവനക്കാരെ മാറ്റിനിർത്തിയെന്നാണ് ആരോപണം.
വനിതാ ജീവനക്കാരോട് അവരുടെ ജോലിസ്ഥലങ്ങളിൽനിന്നു മാറിനിൽക്കാൻ ആവശ്യപ്പെട്ടെന്നും പകരം പുരുഷ ജീവനക്കാരെ നിയോഗിച്ചെന്നുമാണു യൂണിയൻ പ്രതിനിധി ഡയാൻ ദവോയിൻ ഫ്രഞ്ച് മാധ്യമങ്ങളോടു പറഞ്ഞത്. ലിംഗവിവേചനപരമായ നടപടി അംഗീകരിക്കാനാകില്ലെന്ന് സിജിടി ട്രേഡ് യൂണിയൻ പ്രസ്താവനയിൽ പറഞ്ഞു.
സ്ത്രീകളെ മാറ്റിനിർത്തണമെന്നു ബിഎപിഎസ് പ്രതിനിധിസംഘം അഭ്യർഥിച്ചിരുന്നതായും എന്നാൽ, ഇത് അംഗീകരിക്കാൻ പാടില്ലായിരുന്നെന്നും ഈഫൽ ടവറിന്റെ നടത്തിപ്പു കമ്പനിയായ എസ്ഇടിഇ സമ്മതിച്ചു. ഇതേത്തുടർന്ന് ജീവനക്കാർ പ്രതിഷേധം അവസാനിപ്പിച്ചു. ചൊവ്വാഴ്ച ഈഫൽ തുറന്നു. വിവാദത്തിൽ ബിഎപിഎസ് ഖേദം പ്രകടിപ്പിച്ചിരുന്നു.
പാരീസ് മേയർ ഇമ്മാനുവൽ ഗ്രിഗറിയും ജീവനക്കാരുടെ പ്രതിഷേധത്തെ അനുകൂലിച്ചു. ജീവനക്കാരുടെ പ്രതിഷേധം ന്യായമായിരുന്നെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. “ഇത്തരം സാഹചര്യങ്ങൾ അംഗീകരിക്കാനാവില്ല. ലിംഗഭേദമില്ലാതെ ആളുകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുന്ന ഇടമാണ് ഈഫൽ ടവർ. സ്ത്രീ-പുരുഷ സമത്വം ചരിത്രസ്മാരകങ്ങളുടെ ചുവട്ടിലോ നഗരത്തിലോ ഇല്ലാതാകാൻ പാടില്ല. അത് എല്ലായിടത്തും എല്ലാവർക്കും ബാധകമാക്കണം” ഇമ്മാനുവൽ ഗ്രിഗറി കൂട്ടിച്ചേർത്തു.
ഞായറാഴ്ച ഫ്രാൻസിലെ ആദ്യത്തെ ബിഎപിഎസ് ക്ഷേത്രം പാരീസിനു സമീപം ഉദ്ഘാടനം ചെയ്തിരുന്നു. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി പങ്കെടുക്കുകയും ചെയ്തിരുന്നു. ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ബിഎപിഎസ് സംഘം ഫ്രാൻസിൽ പര്യടനം നടത്തുന്നത്. സ്ത്രീകളുടെ സാന്നിധ്യം പരിമിതപ്പെടുത്തുന്നത് ഫ്രാൻസ് ഒരിക്കലും അംഗീകരിക്കില്ലെന്ന് തീവ്രവലതുപക്ഷ നേതാവ് മറീൻ ലെ പെൻ പറഞ്ഞു.
ഫ്രാൻസിൽ ഞങ്ങൾ സ്ത്രീകളോട് പിന്നിലേക്കു മാറിനിൽക്കാൻ ആവശ്യപ്പെടാറില്ലെന്ന് സഹമന്ത്രി ഔറോർ ബെർഷെയും പറഞ്ഞു. ഫ്രാൻസിൽ സ്ത്രീകൾക്ക് പൊതുസമൂഹത്തിൽ പൂർണ സ്വാതന്ത്ര്യമുണ്ടെന്നും അതിൽ ആരോടും ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും ഫ്രഞ്ച് നാഷണൽ അസംബ്ലി പ്രസിഡന്റ് യായേൽ ബ്രോൺ-പിവെയും വ്യക്തമാക്കി.